Sunday, August 2, 2020

ആലസ്യഗീത

ആവില്ലിന്നിനിയൊന്നിനും ഉഴറിടേ-
             ണ്ടാരും എനിക്കായി, ഞാൻ
പോവില്ലിന്നിനിയെങ്ങുമേ, മധുരമാ-
             മാലസ്യമെന്നിൽ നിറ-
ഞ്ഞേവം ഞാനൊഴുകുന്നിതാ, തരളമീ
             യാമം തുഴഞ്ഞെന്നിലേ
നോവിൻ തീരമകന്നുവോ, വിടപറ-
             ഞ്ഞീടുന്നിതെന്നാധികൾ   

പണ്ടേ നമ്മുടെ പൂർവികർ എഴുതിയി-
             ട്ടുണ്ടെങ്കിലെന്തുകാര്യം
മണ്ടേലൊന്നു വരഞ്ഞിടാതെയിവനിൽ
             വല്ലോം തെളിഞ്ഞീടുമോ
കണ്ടീടുന്നത് നേടുവാൻ ഝടുതിയിൽ
             മണ്ടുന്നനേരമുള്ളിൽ
മിണ്ടീടുന്നൊരു ദേവനേയറിയുവാൻ
             വേണ്ടുന്നതാര് ചെയ്യും  

തന്നാരെന്നുടെ കണ്ണുകൾ, അതിലെഴും
             കാഴ്ചക്കു നാഥൻ, പറ-
ഞൊന്നാണെന്നറിയുന്നുവോ പ്രകൃതിയും
             ഞാനും പുഴൂം പൂക്കളും
എന്നാലെന്തിനലഞ്ഞിടുന്നു ധൃതിപൂ-
             ണ്ടെന്നേ അറിഞ്ഞീടുവാൻ
നന്നായൊന്നു മലർന്നുറങ്ങിയുണരാ-
             മെന്താകിലും നേടി ഞാൻ

ചൊല്ലീടൊല്ലിനിയാരുമേ ക്രിയയിലാ-
             ണെല്ലാമിരിക്കുന്നതെ-
ന്നല്ലേയല്ലവരൊക്കെയെന്നറിയുമോ
             കർമ്മത്തിലെ കൗശലം
തെല്ലോളം മനസ്സെത്തിടാതെയടരാ-
            ടുന്നോരു വേലയേക്കാൾ  
നല്ലോണം മനതൃപ്തിയെ തരുമുദാ-
            സീനതക്കെന്നും ജയം
 
ആവാമിത്തിരിവിശ്രമം പ്രകൃതിതൻ
            ഭാവം നുകർന്നങ്ങനെ
മേവാമെന്നുടെ ഉള്ളിലായ് ഉറവുതൻ
            ഗാനം തിരഞ്ഞങ്ങനെ  
പോവാമെന്നിലെയാശതൻ ചിറകിലീ
            ലോകം മറന്നങ്ങനെ
ചാവാനുള്ളൊരു നാളിലീ നിമികളാ-
            ണുള്ളം നിറഞ്ഞങ്ങനെ