Sunday, August 26, 2012

ആള്‍ക്കൂട്ടം - ഒരു അനുഭവക്കുറിപ്പ്‌




      ഈ അടുത്ത കാലത്ത്  വായിച്ച നല്ല പുസ്തകങ്ങള്‍ ഏതാണെന്ന് ചോദിച്ചു  ആരോ ഒരു പോസ്റ്റ്‌  ഏകദേശം ഒരു മാസം മുന്‍പ് ഫേസ്‌ബുക്കില്‍ പുസ്തകമേള എന്നാ ഗ്രൂപ്പില്‍  ഇടുകയും അതിന്റെ കമന്റുകളില്‍ ഒന്ന് രണ്ടു പേര്‍  ആനന്ദിന്റെ  ആള്‍കൂട്ട'ത്തെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തിരുന്നു. ഗോവര്‍ധന്റെ  യാത്രകള്‍, അപഹരിക്കപ്പെട്ട ദൈവങ്ങള്‍, വിഭജനങ്ങള്‍  തുടങ്ങി ആനന്ദിന്റെ ബാക്കി എല്ലാ പുസ്തകങ്ങളും മൂന്നു കൊല്ലങ്ങള്‍ക്ക് മുന്‍പേ വായിച്ചിരുന്നെങ്കിലും ആള്‍കൂട്ടം മാത്രം എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റിയിരുന്നില്ല .  അന്ന് എന്തുകൊണ്ടോ ആ ബുക്ക്‌ എനിക്ക് ദഹിച്ചില്ല.   ആ നല്ല സുഹൃത്തിന്റെ പോസ്റ്റ്‌  എന്നെ വീണ്ടും ആള്‍കൂട്ടം വായിക്കാന്‍ പ്രേരിപ്പിച്ചു.


           ഇന്ന് ഞാന്‍  ആള്‍കൂട്ടം വായിച്ചു തീര്‍ത്തു. അത്  വായിച്ചു കൊണ്ടിരുന്ന മൂന്നാഴ്ച്ചകളില്‍  ഞാന്‍  എന്നെയും ഞാന്‍ നിത്യമായി കാണാറുള്ള പലരെയും ആ നോവലില്‍ കണ്ടു. അവരാരും ആ നോവലിലെ കഥാപാത്രങ്ങള്‍ നേരിടുന്ന പോലെയുള്ള രൂക്ഷമായിട്ടുള്ള പ്രശ്നങ്ങള്‍  നേരിടുന്നവരല്ല. മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാത്തവരല്ല . ഒരു യുദ്ധമോ , ജീവിതം സ്തംഭിപ്പിക്കുന്ന ഒരു പണിമുടക്കോ, അടിയന്തരാവസ്തയോ ഒന്നും അവരെ നേരിട്ട് ബാധിക്കുന്നില്ല. ജോസെഫിനെ പോലെയോ പ്രേമിനെ പോലെയോ തെരുവില്‍ ഉറങ്ങേണ്ട അവസ്ഥ വന്നവരല്ല.  എന്നാല്‍  എല്ലാവരെയും പോലെ തങ്ങളുടെ അവസ്ഥയില്‍  തൃപ്തിയില്ലാതെ മെച്ചപ്പെട്ട ഒരു (വ്യക്തിപരവും സാമൂഹികവുമായ)പരിതസ്ഥിതിക്ക്  വേണ്ടി ആഗ്രഹിക്കുന്നു.  എന്തെങ്കിലും ചെയ്യണമെന്നു ആഗ്രഹിക്കുകയും എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയും ചെയ്യുന്നു. ലക്ഷ്യമോ മാര്‍ഗമോ തിരിച്ചറിയാതെ ഉഴറുന്നു. ആത്യന്തികമായ മനസമാധാനം തേടുകയും അത് തങ്ങളില്‍ എവിടെ നിന്ന്  വരും എന്നത് അറിയാതിരിക്കുകയും ചെയ്യുന്നു. ഒരു ആള്‍ക്കൂട്ടത്തിരയില്‍ അകപ്പെട്ടു ഏതെങ്കിലും നഗരത്തില്‍  വന്നടിയുന്നു.  അവിടത്തെ രീതികള്‍  കണ്ടു പേടിക്കുന്നു .  എന്നാല്‍  എന്തിനും ഉപരിയായിട്ടുള്ള വിശപ്പ്‌  ശമിപ്പിക്കാന്‍  ആ രീതികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നു. അങ്ങനെ ആത്യന്തികമായി നഗരം അവരെ വിഴുങ്ങുകയും തന്നിലേക്ക്  ചേര്‍ക്കുകയും ചെയ്യുന്നു.

            ഈ പുസ്തകത്തിന്റെ മുഖവുരയില്‍ ശ്രീ K P അപ്പന്‍  പറയുന്നത് വസ്തുതകളോടുള്ള   എഴുത്തുകാരന്റെ മനോഭാവമാണ് ഈ പുസ്തകത്തിന്‌ അഗാധതാളം നല്‍കുന്നത് എന്നാണു.  ഈ വസ്തുതകളും പരിതസ്ഥിതികളും  ഏതൊക്കെ രീതികളില്‍ മനുഷ്യനെ രൂപപ്പെടുത്തുന്നു എന്നാണു ഈ പുസ്തകത്തിലൂടെ ആനന്ദ് കാണിക്കുന്നത് .  ഓരോ കഥാപാത്രവും വ്യത്യസ്തമായ രീതിയില്‍ പരിതസ്ഥിതിയെ ഉള്‍ക്കൊള്ളുകയും അതിനു വഴങ്ങിക്കൊടുക്കുകയും ചെയ്യുന്നു, അതിനോട്  പോരാടി വേറൊരു അസ്തിത്വം നേടാന്‍ ആരും തയാറാകുന്നില്ല. എന്തെങ്കിലും ചെയ്യണമെന്നു തീവ്രമായ ആഗ്രഹമുള്ള ജോസെഫിനു ഒന്നും ചെയ്യാനും സാധിക്കുന്നില്ല. മറ്റെല്ലാവരെയും പോലെ അവരും ആശയറ്റു ആള്‍കൂട്ടത്തില്‍ ഇഴുകി ചേരുകയോ, അവസാനം ഒളിച്ചോടുകയോ ചെയ്യുന്നു.


         ആനന്ദിന്റെ ബാക്കി പുസ്തകങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ആള്‍കൂട്ടം. വിഭജനങ്ങള്‍ എഴുതിയപ്പോളുള്ള പക്വതയോ കയ്യടക്കമോ ആള്‍ക്കൂട്ട'ത്തിന്റെ ഭാഷയില്‍ കാണാനില്ല.   ചിലപ്പോള്‍ ആശയങ്ങള്‍ കാട് കേറുന്നതായും  തോന്നി. എന്നാല്‍ ആ ആശയങ്ങള്‍ക്കും ഒരു ഭംഗി ഉണ്ട് എന്ന് പറയാതെ വയ്യ.


        മലയാളത്തിലെ ഒരു പാട് നോവലുകള്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ വായിച്ചിട്ടുണ്ടെങ്കിലും സ്വന്തം ചിന്തകളും അനുഭവങ്ങളും കണ്ണാടിയില്‍ കാണുന്നത് പോലെ കാണിച്ചുതരുന്ന ഒരു പുസ്തകം ഇത് വരെ വായിച്ചിരുന്നില്ല. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും  മനുഷ്യന്‍ അനുഭവിക്കുന്ന അസ്തിത്വദുഖവും  അതിനെ നേരിടുന്ന രീതിയും ഒരു പിടി കഥാപാത്രങ്ങളിലൂടെ ആനന്ദ്  കാണിച്ചു തരുന്നത് കൊണ്ട് എല്ലാവര്‍ക്കും ഇതില്‍ ഒരു ആത്മകഥാംശം ഉണ്ടെന്നു തോന്നിയേക്കാം.. അതായിരിക്കാം പലരും തങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട നോവല്‍ ആയി ആള്‍ക്കൂട്ടം തിരഞ്ഞെടുക്കാന്‍ കാരണം. എന്തായാലും ഞാനും അവരുടെ ഒപ്പം ചേരുന്നു. എനിക്കും ഈ നോവല്‍ ഏറ്റവും പ്രിയപെട്ടതാകുന്നു. ഇതുവരെ വായിച്ച നോവലുകളില്‍ ഏറ്റവും പ്രിയപ്പെട്ടത്.

1 comment: