Sunday, August 2, 2020

ആലസ്യഗീത

ആവില്ലിന്നിനിയൊന്നിനും ഉഴറിടേ-
             ണ്ടാരും എനിക്കായി, ഞാൻ
പോവില്ലിന്നിനിയെങ്ങുമേ, മധുരമാ-
             മാലസ്യമെന്നിൽ നിറ-
ഞ്ഞേവം ഞാനൊഴുകുന്നിതാ, തരളമീ
             യാമം തുഴഞ്ഞെന്നിലേ
നോവിൻ തീരമകന്നുവോ, വിടപറ-
             ഞ്ഞീടുന്നിതെന്നാധികൾ   

പണ്ടേ നമ്മുടെ പൂർവികർ എഴുതിയി-
             ട്ടുണ്ടെങ്കിലെന്തുകാര്യം
മണ്ടേലൊന്നു വരഞ്ഞിടാതെയിവനിൽ
             വല്ലോം തെളിഞ്ഞീടുമോ
കണ്ടീടുന്നത് നേടുവാൻ ഝടുതിയിൽ
             മണ്ടുന്നനേരമുള്ളിൽ
മിണ്ടീടുന്നൊരു ദേവനേയറിയുവാൻ
             വേണ്ടുന്നതാര് ചെയ്യും  

തന്നാരെന്നുടെ കണ്ണുകൾ, അതിലെഴും
             കാഴ്ചക്കു നാഥൻ, പറ-
ഞൊന്നാണെന്നറിയുന്നുവോ പ്രകൃതിയും
             ഞാനും പുഴൂം പൂക്കളും
എന്നാലെന്തിനലഞ്ഞിടുന്നു ധൃതിപൂ-
             ണ്ടെന്നേ അറിഞ്ഞീടുവാൻ
നന്നായൊന്നു മലർന്നുറങ്ങിയുണരാ-
             മെന്താകിലും നേടി ഞാൻ

ചൊല്ലീടൊല്ലിനിയാരുമേ ക്രിയയിലാ-
             ണെല്ലാമിരിക്കുന്നതെ-
ന്നല്ലേയല്ലവരൊക്കെയെന്നറിയുമോ
             കർമ്മത്തിലെ കൗശലം
തെല്ലോളം മനസ്സെത്തിടാതെയടരാ-
            ടുന്നോരു വേലയേക്കാൾ  
നല്ലോണം മനതൃപ്തിയെ തരുമുദാ-
            സീനതക്കെന്നും ജയം
 
ആവാമിത്തിരിവിശ്രമം പ്രകൃതിതൻ
            ഭാവം നുകർന്നങ്ങനെ
മേവാമെന്നുടെ ഉള്ളിലായ് ഉറവുതൻ
            ഗാനം തിരഞ്ഞങ്ങനെ  
പോവാമെന്നിലെയാശതൻ ചിറകിലീ
            ലോകം മറന്നങ്ങനെ
ചാവാനുള്ളൊരു നാളിലീ നിമികളാ-
            ണുള്ളം നിറഞ്ഞങ്ങനെ 

Saturday, July 18, 2020

ഇരുൾപൂവ്

പകലു മായവേ
          പാതയുറങ്ങവേ
പറവകൾ പാറി
          കൂടണഞ്ഞീടവെ
പടരും ശോണിമയിൽ
          മുങ്ങി നീരാടി
പകലവൻ ചാരി
          തെല്ലിളവേൽക്കവേ  
പൊഴിയും നീല
          നിലാവിനെ കാമിച്ച
പവിഴമല്ലികൾ
          പൂവണിഞ്ഞീടവെ
നെടിയ പാലയിൽ
          വെറ്റിലക്കൂട്ടുമായ്
കൊടിയ യക്ഷികൾ
          കൺതുറന്നീടവേ
തകൃതിയോടി-
          ത്തളർന്നെന്റെ കണ്ണിലീ    
പ്രകൃതിയെങ്ങോ
          മയങ്ങിവീണീടവേ
ത്വരിതജീവിത-
          യാത്രയിൽ എന്നിലായ്  
പെരുകിടുന്നൊ-
          രറിവിന്റെ ഭാരവും
വരുതിയിലാക്കി
          മാറ്റുവാനാകാതെ
നുരയുമാശ,
          നിരാശതൻ വിങ്ങലും  
നിറയുമെന്റെ
          മനസ്സിലൊരു ചെറു-
മറവിയായിരുൾ
          വന്നുദിച്ചീടവേ  
ഒരു കുളിർകാറ്റു
          വന്നു തട്ടും പോലെ
ഒടുവിലെന്നിലും
          രാവുണർന്നീടവേ
അലിവൊടെന്നിൽ  
          പടർന്നോരിരുൾ കുടി-
ച്ചലയുമെൻമനം
          ശാന്തമായീടവേ
അരിയൊരോളമിള-
         കാത്തോരെന്മന - 
പ്പടവിൽ നിന്നു ഞാ-
         നെന്നെ തിരയവേ 
പടരുമെന്നിലെ
         മൗനം നികത്തുവാൻ
ചടുലമെൻ കവി-
         ഭാവമുണരവെ
പടവിലെങ്കിലും
         എൻഗാനപീയൂഷ-
തടിനിയെന്നിലെ
         ദാഹമടക്കവേ
പുതിയൊരോണ-
        പ്പുലരിതൻ വിത്തുകൾ  
പതിയെയെന്നിലും
        നാമ്പെടുത്തീടവേ
ഒരു പ്രഭാത-
        പ്പിറപ്പിന്റെ നിർവൃതീ-
ലൊഴുകുമെന്നിൽ
        പ്രപഞ്ചം തുടിക്കവേ
എഴുതിടട്ടെ  
        ഞാനീഗാനമെന്നിലേ-
ക്കൊഴുകിവന്നണ-
         ഞ്ഞോരിരുൾപൂവിനായ്
കരുതിടട്ടെ ഞാൻ
        സ്നേഹവും, നല്ലൊരു  
പുലരി നൽകുവാ-
       നുള്ള വാഗ്ദാനവും

Saturday, May 2, 2020

ഉണർത്തുപാട്ട്

ഉണർന്നു പാടി ഞാനിതാ
       മറന്നു കാലം എന്നെയും
തളർന്നു വീണൊരെന്മനം
       അളന്നതില്ല എങ്ങുമേ
അടഞ്ഞ കണ്ണിലാകവേ
        തെളിഞ്ഞ പേക്കിനാക്കളെ
എറിഞ്ഞു തീർന്നൊരീ ഉയിർ,
        എരിഞ്ഞു ചാരം മാത്രമായ്   
തിരിഞ്ഞതൊന്നു നോക്കിയാൽ
        തറഞ്ഞു കേറും നേരുകൾ
മറന്ന കാവ്യശീലുകൾ,
        കൊഴിഞ്ഞ ഗാനസന്ധ്യകൾ
അറിഞ്ഞിരുന്നതില്ല ഞാൻ
        നിറഞ്ഞ ഗാനസാഗരം
ഉറഞ്ഞ പാലിൻ മുത്തുകൾ
        മറഞ്ഞിരുന്നതെന്നിലായ് 
പിറന്നു വീഴും മുന്നിലായ്
        പകർന്നു തന്നൊരാ വരം
മറന്നുറങ്ങി ഞാൻ, സ്വയം
        പറന്നു കാലചക്രവും

ചിലച്ചിരുന്നിതന്നുമാ-
        യിണക്കുയിൽ, ദിനം ദിനം
ചിരിച്ചിരുന്നു ഭാനുമാൻ
         തിടുക്കമോടെയെങ്കിലും
ഉറച്ചിരുന്ന ദേവനും
          ഇളക്കമേകും സൗരഭം 
പൊഴിച്ചിരുന്നിതാമലർ
          ജഡത്തിനേയുണർത്തിടും
നിറഞ്ഞു പെയ്ത വൃഷ്ടിയെ
          കനിഞ്ഞു കുമ്പിളിൽ പകർ-
ന്നറിഞ്ഞു പെയ്തു പൂമരം
          നനഞ്ഞിതെൻ മനം സദാ
തുനിഞ്ഞതാണ് ജീവിതം
          അലഞ്ഞിടുന്നൊരെന്നിലായ്
മറഞ്ഞിരുന്ന പാലിനെ
          നുണഞ്ഞിടാൻ വിളിച്ചതാം
കഴിഞ്ഞതില്ലയെങ്കിലോ
          അണഞ്ഞിടാത്ത തീരവും
കനിഞ്ഞിടാത്ത സ്നേഹവും
          തുഴഞ്ഞു തേടി പോയി ഞാൻ
തെളിഞ്ഞതില്ല എന്നിലേ-
          യുറഞ്ഞ ഗാനധാരയിൽ  
അലിഞ്ഞുപോയ പാലിതോ
          മറഞ്ഞു തന്നെയന്നുമേ  


നിനച്ചിടാതെ ഇന്നു ഞാൻ
         തുറന്നിതെന്റെ കണ്ണുകൾ
തരിച്ചിരുന്നു പോയിതെൻ
         പകൽക്കിനാവ് തന്നെയോ
പൊഴിച്ചതാര്  ഇത്രയും
         നനുത്ത പൂനിലാവിനെ  
തെളിച്ചതാരു ചുറ്റിലും
         മിനുങ്ങിടുന്ന താരകൾ
മുഴങ്ങിടുന്നതെന്നിലോ
         കുരുന്നിളം കുയിൽമൊഴി
അലിഞ്ഞിടുന്നു എന്നിലാ-
         യുറഞ്ഞ ഗാനധാരയും
അറിഞ്ഞിടുന്നു ഞാൻ, സ്വയം
         അലഞ്ഞിരുന്ന കൂരിരുൾ
നിറഞ്ഞ കാടിനൊന്നുമേ
         കഴിഞ്ഞതില്ല എന്നിലെ
വരണ്ടുപോയ ജീവനിൽ
         എരിഞ്ഞ തീയണക്കുവാൻ
നനഞ്ഞതില്ലെൻ പൂമുഖം,
          നിറഞ്ഞതില്ല എന്മനം

വെടിഞ്ഞിടുന്നു ഇത്രനാൾ
          അലഞ്ഞൊരെൻ തടങ്ങളേ
മറന്നിടുന്നു എന്നുമേ
          തിരഞ്ഞോരെൻ കിനാക്കളെ
വരുന്ന കാലമെങ്കിലും
          നുണഞ്ഞിടേണം എന്നിലായ്
ചുരന്ന ഗാനധാരയിൽ
          നുരഞ്ഞ കാവ്യശീലുകൾ
അലിഞ്ഞിടുന്നു എന്നിലായ് 
          പുളഞ്ഞൊരാത്മബോധവും
നിറഞ്ഞിടുന്നെന്നുള്ളിലായ്
          കുടന്നയോളം മൗനവും  
തുറന്നോരെന്റെ കണ്ണിലൂ-
          ടിറങ്ങിയെന്നിൽ ഓളമി-
ട്ടുറങ്ങി ജീവനാടകം,
          ഉടഞ്ഞതില്ലെൻ മൗനവും
തുനിഞ്ഞിറങ്ങി ജീവിതം
           കറന്നു മൗന,മെന്നിലായ്  
ചൊരിഞ്ഞു രാഗമാലകൾ
            ഉണർന്നു പാടി ഞാനുമെ